Society Today
Breaking News

കൊച്ചി: 132ാമത് ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ട്രോഫി കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലെ ഐഎന്‍എസ് വിക്രാന്തില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനും ഇന്ത്യന്‍ നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ട്രോഫി അനാച്ഛാദനം ചെയ്തു.ഓഗസ്റ്റ് 3 മുതല്‍ സെപ്തംബര്‍ 3 വരെ മൂന്ന് വേദികളിലായിട്ടാണ് ചാംപ്യന്‍ഷിപ്പ്  നടക്കുന്നത്.ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റുകളിലൊന്നായ ഡ്യൂറന്‍ഡ് കപ്പില്‍ കളിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഐ.എം വിജയന്‍ പറഞ്ഞു.

ഡ്യൂറാന്‍ഡ് കപ്പിന് വലിയ പ്രചാരണം നല്‍കുന്നത് വലിയ കാര്യമാണ്. കേരള പൊലീസ്, മോഹന്‍ബഗാന്‍, ജെസിടി ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കായി ഡ്യൂറന്‍ഡ് കപ്പില്‍ കളിച്ചിട്ടുണ്ട്. എഫ്‌സി കൊച്ചിന്‍ ടീമിന്റെ ക്യാപ്റ്റനായി ടൂര്‍ണമെന്റ് ജയിച്ച് ആദ്യമായി കപ്പ് കേരളത്തിലെത്തിച്ചതാണ് ഡ്യൂറന്‍ഡിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവം. നേരത്തെ ഒരൊറ്റ വേദിയിലായിരുന്നു മത്സരങ്ങളെല്ലാം. ഇത്തവണ മൂന്ന് വേദിയുണ്ടെങ്കിലും അതില്‍ കുഴപ്പമൊന്നുമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 30ന് ന്യൂഡല്‍ഹിയില്‍ നിന്നാണ് ഡ്യൂറന്‍ഡ് കപ്പ് ട്രോഫി ടൂര്‍ തുടങ്ങിയത്.

ഡെറാഡൂണ്‍, ഉധംപൂര്‍, പൂനെ, മുംബൈ, ജയ്പൂര്‍, കാര്‍വാര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് ട്രോഫി കൊച്ചിയിലെത്തിയത്. ഏഴിമല, ബെംഗളൂരു, ഹൈദരാബാദ്, ഗുവാഹത്തി, കൊക്രജാര്‍, ഷില്ലോങ്, ഐസ്വാള്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ഓഗസ്റ്റ് ഒന്നിന് കൊല്‍ക്കത്തയിലാണ് ട്രോഫി ടൂര്‍ സമാപിക്കുക. കൊല്‍ക്കത്ത, ഗുവാഹത്തി, കൊക്രജാര്‍ എന്നീ മൂന്ന് നഗരങ്ങളിലായി നടക്കുന്ന ഡ്യൂറന്‍ഡ് കപ്പില്‍ ഇത്തവണ 12 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകള്‍ ഉള്‍പ്പെടെ 24 ടീമുകളാണ് മത്സരിക്കുന്നത്.

27 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസ് ടീമുകളും ഐതിഹാസിക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടീമുകളെ നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ആറ് ഗ്രൂപ്പ് ജേതാക്കളും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലെത്തും. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിക്കൊപ്പം സി ഗ്രൂപ്പിലാണ് കേരളത്തില്‍ ടീമുകളായ കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം കേരള എഫ്‌സിയും മത്സരിക്കുക. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യന്‍ നേവി. ഇന്ത്യന്‍ ആര്‍മി ടീമും ചാമ്പ്യന്‍ഷിപ്പിനുണ്ട്.

Top